‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്ക കൊത്തി കടലിലിട്ടു
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു
തട്ടാപ്പിള്ളേരു തട്ടിയെടുത്തു’
ഈ നാലുവരി കവിത പണ്ടായതുകൊണ്ട് കവിതയായി. മുപ്പത്തിമുക്കോടി ചാനലുകളിലായി അതിന്റെ അനേകം അനേകം മടങ്ങു ന്യൂസ് ഷോകള്‍ ഉള്ള ഇക്കാലത്തായിരുന്നെങ്കില്‍ ഇത് എന്തായേനെ ? കുറഞ്ഞത് ഒരാഴ്ചയെങ്കിലും ന്യൂസ് റൂമുകളെ തല്‍സമയ ചര്‍ച്ചകള്‍ കൊണ്ട് സജീവമാക്കിയേനെ. കേരളം മുള്‍മുനയില്‍ നിന്നേനെ. ജനങ്ങള്‍ ന്യൂസ് ചാനലുകള്‍ക്കു മുന്നില്‍ ഉദ്വേഗപൂര്‍വം കാത്തിരുന്നേനെ. അപ്പോള്‍ തണുത്ത ന്യൂസ് റൂമിലെ ന്യൂസ് ഡസ്കില്‍ ചെരിഞ്ഞു കിടന്നു വാര്‍ത്ത അവതരിപ്പിക്കുന്ന ന്യൂസേഷ് കുമാര്‍ ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത ഇങ്ങനെ തുടങ്ങിയേനെ:-
നമസ്കാരം, പ്രധാനവാര്‍ത്തകള്‍. (ഹൈപിച്ചില്‍) അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു, കാക്ക കൊത്തി കടലിലിട്ടു (മ്യൂസിക്), കടലില്‍ വീണ നെയ്യപ്പം മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു, തട്ടാപ്പിള്ളേരു തട്ടിയെടുത്തു(മ്യൂസിക് മെല്ലെ അടങ്ങുന്നു)
എക്സ്ക്ളൂസീവ് എന്ന കുറിപ്പോടെ സ്ക്രോള്‍ബാറില്‍ വലിയ അക്ഷരങ്ങളില്‍ ഇങ്ങനെ എഴുതിക്കാണിച്ചുകൊണ്ടിരിക്കും – നെയ്യപ്പം കടലില്‍ വീണു- അയ്യപ്പന്റെ അമ്മചുട്ടതാണ് നെയ്യപ്പം – ചുട്ട നെയ്യപ്പം കാക്ക കൊത്തി- നെയ്യപ്പം കാക്കയാണ് കടലില്‍ ഇട്ടത് – നെയ്യപ്പം കടലില്‍ നിന്നു മുക്കുവപ്പിള്ളേര് മുങ്ങിയെടുത്തു- തട്ടാപ്പിള്ളേര് പിന്നീട് അത് തട്ടിയെടുത്തു(അപ്പോള്‍ ഹൈപിച്ചില്‍ ന്യൂസേഷ് കുമാര്‍ സംഗതി വിശദമാക്കും):-
വാര്‍ത്തകള്‍ വിശദമായി, അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം ഒരു കാക്ക കൊത്തി കടലിലിട്ടു, പിന്നീടത് മുക്കുവപ്പിള്ളേര് മുങ്ങിയെടുത്തു തുടര്‍ന്ന് തട്ടാപ്പിള്ളേര് തട്ടിയെടുത്തു. സംഭവത്തിന്റെ വിശദാംശങ്ങളുമായി സംഭവസ്ഥലത്തു നിന്ന് ഞങ്ങളുടെ പ്രതിനിധി കരിഷ്മ ലൈനിലുണ്ട്.. ഹലോ കരിഷ്മ.. കേള്‍ക്കാമോ ?
കയ്യില്‍ മൈക്കും ഇടംചെവിയില്‍ ചൂണ്ടാണിവിരലും തിരുകി അലയടിക്കുന്ന കടല്ക്കരയില് ക്യാമറയെ നോക്കി കുന്തം വിഴുങ്ങി നില്ക്കുന്ന കരിഷ്മ ന്യൂസേഷ് ചോദ്യം ചോദിച്ചു കഴിഞ്ഞ് അഞ്ചു മിനിട്ടു കഴിയുമ്പോള്‍ കേള്‍ക്കാം എന്ന അര്‍ത്ഥത്തില്‍ തലകുലുക്കുന്നു. അപ്പോള്‍ ന്യൂസേഷ്:-
അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു, കാക്ക കൊത്തി കടലിലിട്ടു, മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു, തട്ടാപ്പിള്ളേരു തട്ടിയെടുത്തു, എന്താണ് അവിടെ നടക്കുന്നത് ?
കരിഷ്മ:- ന്യൂസേഷ്, അയ്യപ്പന് എന്നൊരാളുടെ അമ്മ ഇന്ന് നെയ്യപ്പം ചുടുകയുണ്ടായി, നെയ്യപ്പം ചുട്ടശേഷം ഒരു കാക്ക ആ നെയ്യപ്പം കൊത്തിക്കൊണ്ടുപോയി കടലിടുകയായിരുന്നു, തുടര്‍ന്ന് ആ നെയ്യപ്പം മുക്കുവപ്പിള്ളേര് മുങ്ങിയെടുക്കുമ്പോള്‍ തട്ടാപ്പിള്ളേര് അത് തട്ടിയെടുക്കുകയായിരുന്നു, ന്യുസേഷ്..
ന്യൂസേഷ്:- ഇപ്പോള്‍ അവിടുത്തെ സ്ഥിതി എന്താണ് ? നെയ്യപ്പം ഇപ്പോള്‍ ആരുടെ കയ്യിലാണ് ? അയ്യപ്പന് അവിടെയുണ്ടോ ? അയ്യപ്പന്റെ അമ്മയുടെ പ്രതികരണം ലഭ്യമായിട്ടുണ്ടോ ? പോലീസ് സ്ഥലത്തു ക്യാംപു ചെയ്യുന്നുണ്ടോ ? ഒരു ലാത്തിചാര്‍ജിനു സാധ്യതയുണ്ടോ ? ആരൊക്കെയാണ് സ്ഥലത്തുള്ളത് ?… കരിഷ്മ..
കരിഷ്മ: ന്യൂസേഷ്.. ഞാനിപ്പോള്‍ കടല്ക്കരയിലാണ് നില്ക്കുന്നത,് തീരത്ത് വിശ്രമിക്കാനെത്തിയ സഞ്ചാരികളെ മാത്രമേ ഇവിടെ കാണാനുള്ളൂ, സത്യത്തില്‍ ഇത്ര ഭയങ്കരമായ സംഭവം നടന്ന ഒരു കടല്‍ക്കരയാണോ ഇതെന്നു സംശയം തോന്നിപ്പോകും വിധം ശാന്തമാണിവിടം.. പോലീസുകാരൊന്നും സ്ഥലത്തെത്തിയിട്ടില്ല.. ഇന്നു രാവിലെയാണ് അയ്യപ്പന് എന്നയാളിന്റെ അമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലിലിട്ടത്.. കടലിലിട്ട നെയ്യപ്പം മുങ്ങിയെടുത്ത മുക്കുവപ്പിള്ളേരുടെ കയ്യില്‍ നിന്ന് തട്ടാപ്പിള്ളേര് അത് തട്ടിയെടുക്കുകയായിരുന്നു.. ന്യൂസേഷ്..
അപ്പോള്‍ ന്യൂസേഷ്: അവിടെ കടല്‍ പ്രക്ഷുബ്ധമാണോ ? നെയ്യപ്പത്തിന്റെ അവശിഷ്ടങ്ങള്‍ അവിടെ കാണാനുണ്ടോ ? അതുപോലെ തന്നെ അയ്യപ്പന്റെ അമ്മ ആര്‍ക്കു വേണ്ടിയാണ് ഈ നെയ്യപ്പം ഉണ്ടാക്കിയത് ? നെയ്യപ്പം കാക്ക കൊത്തിയതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ ?
നെയ്യപ്പം കാക്ക കൊത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് സിബിഐയെക്കൊണ്ടന്വേഷിപ്പിക്കണമെന്നും അയ്യപ്പന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ആര്‍ക്കു വേണ്ടിയാണ് നെയ്യപ്പം ഉണ്ടാക്കിയതെന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്, കടല്‍ പൊതുവേ ശാന്തമാണ്, നെയ്യപ്പത്തിന്റെ അവശിഷ്ടങ്ങളൊന്നും കാണാനില്ല.. ന്യൂസേഷ്..
ന്യൂസേഷ്: നന്ദി കരിഷ്മ..കൂടുതല്‍ വിവരങ്ങള്‍ക്കായി വീണ്ടും ബന്ധപ്പെടാം.. അയ്യപ്പന് എന്നയാളിന്റെ അമ്മ ഇന്നു ചുട്ട ഒരു നെയ്യപ്പം കാക്ക കൊത്തി കടലിടുകയായിരുന്നു.. കടലില്‍ നിന്നും അത് മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തെങ്കിലും തട്ടാപ്പിള്ളേര് അത് തട്ടിയെടുക്കുകയായിരുന്നു.. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.. ഇപ്പോള്‍ അയ്യപ്പന്റെ അയല്‍വാസിയായ കുട്ടപ്പന് നമ്മോടൊപ്പം ലൈനിലുണ്ട്.. ശ്രീ കുട്ടപ്പന് കേള്‍ക്കുന്നുണ്ടോ ? (കുട്ടപ്പന് ഏ, ആ എന്നൊക്കെ വയ്ക്കുന്നു) ശ്രീ കുട്ടപ്പന്.. അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലിലിട്ടു, അതു പിന്നീട് മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു, അവരുടെ കയ്യില്‍ നിന്നു തട്ടാപ്പിള്ളേരു തട്ടിയെടുത്തു, എന്താണ് സത്യത്തില്‍ സംഭവിച്ചത് ?
കുട്ടപ്പന്:- അതിപ്പോ, ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല… എനിക്കീ മാര്‍ബിളിന്റെ പണിയാണേ.. രാവിലെ പണിക്കു പോയിട്ട് വന്നപ്പോഴാണ് കാര്യങ്ങളറിഞ്ഞത്..കവലേല് ആളുകള്‍ പറഞ്ഞുകേട്ടതേ എനിക്കറിയത്തൊള്ളൂ.. അയ്യപ്പന്റെ അമ്മായി ഉണ്ടാക്കിയ ഉണ്ണിയപ്പം പ്രാവ് കൊത്തി കുളത്തിലിട്ടതാണ് പ്രശ്നമായതെന്നാണ് എനിക്കു തോന്നുന്നത്…
ന്യൂസേഷ്:- കുട്ടപ്പന്, ശ്രീ കുട്ടപ്പന്.. കാര്യങ്ങള്‍ പിന്നെയും കുഴഞ്ഞുമറിയുകയാണ്.. അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലിലിട്ടു, മുക്കുവപ്പിള്ളേര് അതു മുങ്ങിയെടുത്തു, തട്ടാപ്പിള്ളേരു തട്ടിയെടുത്തു.. ഇത്രയുമാണ് ഇതുവരെയുള്ള വിവരങ്ങള്‍.. അതിനിടയില്‍ അയ്യപ്പന്റെ അമ്മായി, ഉണ്ണിയപ്പം, പ്രാവ് ? എന്തൊക്കെയാണ് അവിടെ നടക്കുന്നത് ? അയ്യപ്പന് കുട്ടപ്പന്റെ അയല്‍വാസിയല്ലേ ? സംഭവത്തിനു ശേഷം അയ്യപ്പനെ കാണാന്‍ ശ്രമിച്ചോ ? എന്താണ് പ്രതികരണം ?
കുട്ടപ്പന്:- അയ്യപ്പന് ഇവിടെ എവിടെയോ ആണെന്നു പറഞ്ഞു കേട്ടിട്ടേയുള്ളൂ, ഞാനിതുവരെ കണ്ടിട്ടില്ല..
ന്യൂസേഷ്:- കുട്ടപ്പനിലേക്കു ഞാന്‍ തിരിച്ചുവരാം.. ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്നു ബിജു ഒപ്പം ഡല്‍ഹി സ്റ്റുഡിയോയില്‍ നിന്ന് സുരേഷ് നമ്മോടൊപ്പം ചേരുന്നു.. ബിജു, അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ട സംഭവത്തില്‍ തലസ്ഥാനത്ത് എന്താണ് പ്രതികരണങ്ങള്‍ ?
ബിജു:- ന്യുസേഷ്, അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം ഒരു കാക്ക കൊത്തിയതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കുകയാണ്.. അയ്യപ്പന്റെ അമ്മയായതുകൊണ്ട് പ്രശ്നത്തില്‍ ശബരിമല ദേവസ്വം ഇടപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അതേ സമയം, മുക്കുവ-തട്ടാന്‍ സമുദായക്കാരെ പ്രശ്നത്തിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും അയ്യപ്പന്റെ അമ്മ നെയ്യപ്പം കടലിലേക്കു സ്വയം വലിച്ചെറിഞ്ഞതാവാനേ വഴിയുള്ളൂ എന്നുമൊക്കെ വിവിധ വാദങ്ങളുയരുന്നുണ്ട്.. അതുപോലെ തന്നെ ഇങ്ങനൊരു അയ്യപ്പനെയോ അമ്മയെയോ ആരും കണ്ടിട്ടില്ലെന്നും അതുകൊണ്ട് തന്നെ സംഭവം പൂര്‍ണമായും മാധ്യമസൃഷ്ടിയാണെന്നുമുള്ള നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്… സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താലാചരിക്കാന്‍ ഓള് കേരള നെയപ്പം ആന്‍ഡ് ഉണ്ണിയപ്പം മാനുഫാക്ചറേഴ്സ് അസോസിയേഷന് ആഹ്വാനം ചെയ്തിട്ടുണ്ട്…ന്യൂസേഷ്..
ന്യുസേഷ്:- നന്ദി ബിജു, അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തിയതുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭവവികാസങ്ങളുടെ തല്‍സമയവിവരങ്ങളാണ് നമുക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്… നെയ്യപ്പം കാക്ക കൊത്തി കടലിലിട്ടു എന്നതായിരുന്നു ആദ്യത്തെ സംഭവം.. തുടര്‍ന്ന് മുക്കുവപ്പിള്ളേര് അത് മുങ്ങിയെടുത്തതും തട്ടാപ്പിള്ളേര് തട്ടിയെടുത്തതും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.. അതേ സമയം, അയ്യപ്പനെയും അമ്മയെയും നമുക്ക് നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നതും ഒരു പ്രശ്നമാണ്.. എന്തായാലും സംഭവത്തിന്റെ ഏറ്റവും പുതിയ വിവരങ്ങളുമായി ഡല്‍ഹിയില്‍ നിന്നു സുരേഷ് നമ്മോടൊപ്പം ചേരുന്നു.. സുരേഷ് എന്താണ് വിവരങ്ങള്‍ ?
സുരേഷ്:- ന്യൂസേഷ്, അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കേരളത്തില്‍ കത്തിപ്പടരുമ്പോള്‍ ഡല്‍ഹിയില്‍ നമ്മോടൊപ്പമുള്ളത് ഇവിടെ 25 വര്‍ഷമായി നെയ്യപ്പം ഉണ്ടാക്കി വില്‍ക്കുന്ന കൊല്ലം സ്വദേശിയായ അയ്യപ്പന് എന്നയാളാണ്.. തന്റെ അമ്മയില്‍ നിന്നാണ് നെയ്യപ്പം ഉണ്ടാക്കാന്‍ പഠിച്ചതെന്നാണ് ഈ അയ്യപ്പനും പറയുന്നത്.. നമുക്ക് അയ്യപ്പനോടു തന്നെ ചോദിക്കാം.. അയ്യപ്പന്, എന്താണ് നെയ്യപ്പം നിര്‍മാണത്തിലേക്കു തിരിയാന്‍ കാരണം ?
അയ്യപ്പന്:- അതു പിന്നെ നെയ്യപ്പം എന്നു പറയുമ്പോള്‍ തന്നെ നമുക്കറിയാം, നെയ്യപ്പം തിന്നാല്‍ രണ്ടു ഗുണമാണുള്ളത്.. ഒന്ന്, പിന്നെ, ഉണ്ണിയപ്പം തിന്നേണ്ട.. രണ്ട്, നെയ്യപ്പം തിന്നാത്തതിന്റെ സങ്കടവും അങ്ങു മാറും. ഈ കാരണങ്ങള്‍ തന്നെയാണ് നെയ്യപ്പം നിര്‍മാണത്തിലേക്ക് ഇറങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്..
സുരേഷ്:- അയ്യപ്പന്റെ അമ്മയും നെയ്യപ്പമുണ്ടാക്കാറുണ്ടായിരുന്നു എന്നു പറഞ്ഞല്ലോ.. എപ്പോഴെങ്കിലും ഇങ്ങനെ നെയ്യപ്പം കാക്ക കൊത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ ?
അയ്യപ്പന്:- ഒരിക്കലുമില്ല, കാക്ക മാത്രമല്ല, കുയില്‍, മയില്‍, ഒട്ടകം, നീര്‍നായ തുടങ്ങി ഒരുതരത്തിലുള്ള പക്ഷികളും നെയ്യപ്പം കൊത്തിക്കൊണ്ടുപോയതായി കേട്ടിട്ടില്ല, കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ സത്യത്തില്‍ അവിശ്വസനീയമാണ്..
ന്യുസേഷ്:- നന്ദി സുരേഷ്, ഒപ്പം അയ്യപ്പന്… അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു കാക്ക അതു കൊത്തി കടലിലിട്ടു, മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു, പക്ഷെ തട്ടാപ്പിള്ളേര് അത് തട്ടിയെടുക്കുകയായിരുന്നു, കൊച്ചി സ്റ്റുഡിയോയില്‍ നമ്മോടൊപ്പം ചേരുന്നു, പ്രമുഖ കടല്‍ ശാസ്ത്രജ്ഞനായ ഡോ.എ.സി.പി.അയ്യര്‍… നമസ്കാരം, നെയ്യപ്പം കടലില്‍ വീണാല്‍ അതിന്റെ പ്രത്യാഖാതങ്ങള്‍ എന്തൊക്കെയാണ് ?
അയ്യര്‍:- ലുക്, ദിസ് ഈസ് എ കേസ് ഓഫ് ക്രോ പിക്കിങ് ദി നെയ്യപ്പം ആന്‍ഡ് പുട്ടിങ് ഇറ്റ് ഇന്‍ ദി സി.. കടലില്‍ അനേകം ജീവികളുണ്ട്, പട്ടി, പന്നി, ആന, കാള അങ്ങനെയുള്ള ജീവികള്‍ സത്യത്തില്‍ മനുഷ്യര്‍ കഴിക്കുന്ന തരത്തിലുള്ള ഭക്ഷണം ആഗ്രഹിക്കുന്നുണ്ട്… എന്നാല്‍ ഇവരുടെ ആശയവിനിമയം മനുഷ്യരുടേതുപോലെയല്ലാത്തതിനാല്‍ മൈക്രോവേവ് തരംഗങ്ങളായി ഇവ അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുകയാണ് ചെയ്യുന്നത്.. 12 ഡസിബെല്ലിനും 23 ഡെസിബെല്ലിനും ഇടയിലുള്ള ഈ ശബ്ദം കൃത്യമായി കേള്‍ക്കാനാവുന്നത് കാക്കകള്‍ക്കാണ്.. അതുകൊണ്ടാണ് ഈ പര്‍ട്ടിക്കുലര്‍ കേസിലും അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലില്‍ കൊണ്ടുപോയിട്ടത്.. ഇനി, കടലില്‍ വീണ നെയ്യപ്പത്തിന് എന്തു സംഭവിക്കും എന്നു ചോദിച്ചാല്‍ ആക്ച്വലി, ഈ നെയ്യപ്പം എന്നു പറയുന്നത് ഈസ് എ മിക്സ് ഓഫ് കാര്‍ബോഹൈഡ്രേറ്റ്സ്, മിനറല്‍സ് ആന്‍ഡ് ആന്‍ എമൌണ്ട് ഓഫ് ഗീ.. കടല്‍ വെള്ളത്തില്‍ വീഴുന്ന നെയ്യപ്പം ഉടനെ തന്നെ ഡീഹൈഡ്രേഷനു വിധേയമായി പാര്‍ട്ടിക്കിള്‍സ് ആയി ആറ്റം ലെവലില്‍ മള്‍ട്ടിപ്ളൈ ചെയ്ത് ഡിസപ്പിയര്‍ ആവുകയാണ് ചെയ്യുന്നത്.. അതുകൊണ്ട് സയന്റിഫിക്കായ ഒരു കാഴ്ചപ്പാടില്‍ കടലില്‍ വീണ നെയ്യപ്പം മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു എന്നു പറയുന്നത് ബേസ്ലെസ് ആണ്.. ദാറ്റ് വി കാന്നോട്ട് ബി പ്രൂവ്ഡ്.
ന്യൂസേഷ്: നന്ദി ഡോ. അയ്യര്‍.. അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ട സംഭവത്തിന്റെ ഇതുവരെയുള്ള വിവരങ്ങള്‍ ഇങ്ങനെയാണ് (അപ്പോള്‍ ഗ്രാഫിക്സ് തെളിയുന്നു, അതനുസരിച്ച് ന്യൂസേഷിന്റെ വിശദീകരണം) രാവിലെ- 9.00: അയ്യപ്പന്റെ അമ്മ തന്റെ വീട്ടില്‍ നെയ്യപ്പം ചുടുന്നു, 9.05: മരക്കൊമ്പിലിരിക്കുന്ന കാക്ക നെയ്യപ്പം ലക്ഷ്യമാക്കി പറക്കുന്നു (അതിന്റെ ആനിമേഷന്‍), 9.06: കാക്ക നെയ്യപ്പം കൊത്തി പറക്കുന്നു (അതും ആനിമേഷന്‍), 9.07: കടലിനു മുകളിലെത്തുന്ന കാക്ക നെയ്യപ്പം താഴേക്കിടുന്നു (അവിടം വരെ ആനിമേഷന്‍), തുടര്‍ന്നു നടന്ന സംഭവങ്ങളുടെ കാര്യത്തില്‍ അവ്യക്തതയും വിവാദങ്ങളും തുടരുകയാണ്. ആര്‍ക്കു വേണ്ടിയാണ് അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടത്, എത്ര നെയ്യപ്പം ചുട്ടു, നെയ്യപ്പം കൊത്തി എന്നു പറയുന്ന കാക്കയും അയ്യപ്പന്റെ അമ്മയും തമ്മിലെന്താണ് ബന്ധം തുടങ്ങി ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ വലിയൊരു നിര തന്നെ നമുക്കു മുന്നിലുണ്ട്…ഈ സമയത്ത് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നമ്മുടെ വിദഗ്ദ്ധപാനല്‍ തയ്യാറായിക്കഴിഞ്ഞു, ചെറിയൊരു ഇടവേളയ്ക്കു ശേഷം നമുക്കു പെട്ടെന്നു തിരിച്ചുവരാം, അതുവരെ ഈ സംഭവത്തെപ്പറ്റി നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.. എസ്എംഎസ് അയക്കേണ്ട ഫോര്‍മാറ്റ്… അയ്യപ്പാസ് സ്പേസ് അമ്മാസ് സ്പേസ് നെയ്യപ്പാസ് സ്പേസ് യേസ് അല്ലെങ്കില്‍ നോ..!
Wednesday, January 6, 2010
Subscribe to:
Posts (Atom)