Wednesday, January 6, 2010

നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം

‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
കാക്ക കൊത്തി കടലിലിട്ടു
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു
തട്ടാപ്പിള്ളേരു തട്ടിയെടുത്തു’

ഈ നാലുവരി കവിത പണ്ടായതുകൊണ്ട് കവിതയായി. മുപ്പത്തിമുക്കോടി ചാനലുകളിലായി അതിന്റെ അനേകം അനേകം മടങ്ങു ന്യൂസ് ഷോകള്‍ ഉള്ള ഇക്കാലത്തായിരുന്നെങ്കില്‍ ഇത് എന്തായേനെ ? കുറഞ്ഞത് ഒരാഴ്ചയെങ്കിലും ന്യൂസ് റൂമുകളെ തല്‍സമയ ചര്‍ച്ചകള്‍ കൊണ്ട് സജീവമാക്കിയേനെ. കേരളം മുള്‍മുനയില്‍ നിന്നേനെ. ജനങ്ങള്‍ ന്യൂസ് ചാനലുകള്‍ക്കു മുന്നില്‍ ഉദ്വേഗപൂര്‍വം കാത്തിരുന്നേനെ. അപ്പോള്‍ തണുത്ത ന്യൂസ് റൂമിലെ ന്യൂസ് ഡസ്കില്‍ ചെരിഞ്ഞു കിടന്നു വാര്‍ത്ത അവതരിപ്പിക്കുന്ന ന്യൂസേഷ് കുമാര്‍ ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത ഇങ്ങനെ തുടങ്ങിയേനെ:-

നമസ്കാരം, പ്രധാനവാര്‍ത്തകള്‍. (ഹൈപിച്ചില്‍) അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു, കാക്ക കൊത്തി കടലിലിട്ടു (മ്യൂസിക്), കടലില്‍ വീണ നെയ്യപ്പം മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു, തട്ടാപ്പിള്ളേരു തട്ടിയെടുത്തു(മ്യൂസിക് മെല്ലെ അടങ്ങുന്നു)

എക്സ്ക്ളൂസീവ് എന്ന കുറിപ്പോടെ സ്ക്രോള്‍ബാറില്‍ വലിയ അക്ഷരങ്ങളില്‍ ഇങ്ങനെ എഴുതിക്കാണിച്ചുകൊണ്ടിരിക്കും – നെയ്യപ്പം കടലില്‍ വീണു- അയ്യപ്പന്റെ അമ്മചുട്ടതാണ് നെയ്യപ്പം – ചുട്ട നെയ്യപ്പം കാക്ക കൊത്തി- നെയ്യപ്പം കാക്കയാണ് കടലില്‍ ഇട്ടത് – നെയ്യപ്പം കടലില്‍ നിന്നു മുക്കുവപ്പിള്ളേര്‍ മുങ്ങിയെടുത്തു- തട്ടാപ്പിള്ളേര് പിന്നീട് അത് തട്ടിയെടുത്തു(അപ്പോള്‍ ഹൈപിച്ചില്‍ ന്യൂസേഷ് കുമാര്‍ സംഗതി വിശദമാക്കും):-

വാര്‍ത്തകള്‍ വിശദമായി, അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം ഒരു കാക്ക കൊത്തി കടലിലിട്ടു, പിന്നീടത് മുക്കുവപ്പിള്ളേര് മുങ്ങിയെടുത്തു തുടര്‍ന്ന് തട്ടാപ്പിള്ളേര് തട്ടിയെടുത്തു. സംഭവത്തിന്റെ വിശദാംശങ്ങളുമായി സംഭവസ്ഥലത്തു നിന്ന് ഞങ്ങളുടെ പ്രതിനിധി കരിഷ്മ ലൈനിലുണ്ട്.. ഹലോ കരിഷ്മ.. കേള്‍ക്കാമോ ?

കയ്യില്‍ മൈക്കും ഇടംചെവിയില്‍ ചൂണ്ടാണിവിരലും തിരുകി അലയടിക്കുന്ന കടല്‍ക്കരയില്‍ ക്യാമറയെ നോക്കി കുന്തം വിഴുങ്ങി നില്‍ക്കുന്ന കരിഷ്മ ന്യൂസേഷ് ചോദ്യം ചോദിച്ചു കഴിഞ്ഞ് അഞ്ചു മിനിട്ടു കഴിയുമ്പോള്‍ കേള്‍ക്കാം എന്ന അര്‍ത്ഥത്തില്‍ തലകുലുക്കുന്നു. അപ്പോള്‍ ന്യൂസേഷ്:-

അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു, കാക്ക കൊത്തി കടലിലിട്ടു, മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു, തട്ടാപ്പിള്ളേരു തട്ടിയെടുത്തു, എന്താണ് അവിടെ നടക്കുന്നത് ?

കരിഷ്മ:- ന്യൂസേഷ്, അയ്യപ്പന്‍ എന്നൊരാളുടെ അമ്മ ഇന്ന് നെയ്യപ്പം ചുടുകയുണ്ടായി, നെയ്യപ്പം ചുട്ടശേഷം ഒരു കാക്ക ആ നെയ്യപ്പം കൊത്തിക്കൊണ്ടുപോയി കടലിടുകയായിരുന്നു, തുടര്‍ന്ന് ആ നെയ്യപ്പം മുക്കുവപ്പിള്ളേര് മുങ്ങിയെടുക്കുമ്പോള്‍ തട്ടാപ്പിള്ളേര് അത് തട്ടിയെടുക്കുകയായിരുന്നു, ന്യുസേഷ്..

ന്യൂസേഷ്:- ഇപ്പോള്‍ അവിടുത്തെ സ്ഥിതി എന്താണ് ? നെയ്യപ്പം ഇപ്പോള്‍ ആരുടെ കയ്യിലാണ് ? അയ്യപ്പന്‍ അവിടെയുണ്ടോ ? അയ്യപ്പന്റെ അമ്മയുടെ പ്രതികരണം ലഭ്യമായിട്ടുണ്ടോ ? പോലീസ് സ്ഥലത്തു ക്യാംപു ചെയ്യുന്നുണ്ടോ ? ഒരു ലാത്തിചാര്‍ജിനു സാധ്യതയുണ്ടോ ? ആരൊക്കെയാണ് സ്ഥലത്തുള്ളത് ?… കരിഷ്മ..

കരിഷ്മ: ന്യൂസേഷ്.. ഞാനിപ്പോള്‍ കടല്‍ക്കരയിലാണ് നില്‍ക്കുന്നത,് തീരത്ത് വിശ്രമിക്കാനെത്തിയ സഞ്ചാരികളെ മാത്രമേ ഇവിടെ കാണാനുള്ളൂ, സത്യത്തില്‍ ഇത്ര ഭയങ്കരമായ സംഭവം നടന്ന ഒരു കടല്‍ക്കരയാണോ ഇതെന്നു സംശയം തോന്നിപ്പോകും വിധം ശാന്തമാണിവിടം.. പോലീസുകാരൊന്നും സ്ഥലത്തെത്തിയിട്ടില്ല.. ഇന്നു രാവിലെയാണ് അയ്യപ്പന്‍ എന്നയാളിന്റെ അമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലിലിട്ടത്.. കടലിലിട്ട നെയ്യപ്പം മുങ്ങിയെടുത്ത മുക്കുവപ്പിള്ളേരുടെ കയ്യില്‍ നിന്ന് തട്ടാപ്പിള്ളേര് അത് തട്ടിയെടുക്കുകയായിരുന്നു.. ന്യൂസേഷ്..

അപ്പോള്‍ ന്യൂസേഷ്: അവിടെ കടല്‍ പ്രക്ഷുബ്ധമാണോ ? നെയ്യപ്പത്തിന്റെ അവശിഷ്ടങ്ങള്‍ അവിടെ കാണാനുണ്ടോ ? അതുപോലെ തന്നെ അയ്യപ്പന്റെ അമ്മ ആര്‍ക്കു വേണ്ടിയാണ് ഈ നെയ്യപ്പം ഉണ്ടാക്കിയത് ? നെയ്യപ്പം കാക്ക കൊത്തിയതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ ?

നെയ്യപ്പം കാക്ക കൊത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് സിബിഐയെക്കൊണ്ടന്വേഷിപ്പിക്കണമെന്നും അയ്യപ്പന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ തന്നെ ആര്‍ക്കു വേണ്ടിയാണ് നെയ്യപ്പം ഉണ്ടാക്കിയതെന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്, കടല്‍ പൊതുവേ ശാന്തമാണ്, നെയ്യപ്പത്തിന്റെ അവശിഷ്ടങ്ങളൊന്നും കാണാനില്ല.. ന്യൂസേഷ്..

ന്യൂസേഷ്: നന്ദി കരിഷ്മ..കൂടുതല്‍ വിവരങ്ങള്‍ക്കായി വീണ്ടും ബന്ധപ്പെടാം.. അയ്യപ്പന്‍ എന്നയാളിന്റെ അമ്മ ഇന്നു ചുട്ട ഒരു നെയ്യപ്പം കാക്ക കൊത്തി കടലിടുകയായിരുന്നു.. കടലില്‍ നിന്നും അത് മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തെങ്കിലും തട്ടാപ്പിള്ളേര് അത് തട്ടിയെടുക്കുകയായിരുന്നു.. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.. ഇപ്പോള്‍ അയ്യപ്പന്റെ അയല്‍വാസിയായ കുട്ടപ്പന്‍ നമ്മോടൊപ്പം ലൈനിലുണ്ട്.. ശ്രീ കുട്ടപ്പന്‍ കേള്‍ക്കുന്നുണ്ടോ ? (കുട്ടപ്പന്‍ ഏ, ആ എന്നൊക്കെ വയ്ക്കുന്നു) ശ്രീ കുട്ടപ്പന്‍.. അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലിലിട്ടു, അതു പിന്നീട് മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു, അവരുടെ കയ്യില്‍ നിന്നു തട്ടാപ്പിള്ളേരു തട്ടിയെടുത്തു, എന്താണ് സത്യത്തില്‍ സംഭവിച്ചത് ?

കുട്ടപ്പന്‍:- അതിപ്പോ, ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല… എനിക്കീ മാര്‍ബിളിന്റെ പണിയാണേ.. രാവിലെ പണിക്കു പോയിട്ട് വന്നപ്പോഴാണ് കാര്യങ്ങളറിഞ്ഞത്..കവലേല്‍ ആളുകള് പറഞ്ഞുകേട്ടതേ എനിക്കറിയത്തൊള്ളൂ.. അയ്യപ്പന്റെ അമ്മായി ഉണ്ടാക്കിയ ഉണ്ണിയപ്പം പ്രാവ് കൊത്തി കുളത്തിലിട്ടതാണ് പ്രശ്നമായതെന്നാണ് എനിക്കു തോന്നുന്നത്…

ന്യൂസേഷ്:- കുട്ടപ്പന്‍, ശ്രീ കുട്ടപ്പന്‍.. കാര്യങ്ങള്‍ പിന്നെയും കുഴഞ്ഞുമറിയുകയാണ്.. അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലിലിട്ടു, മുക്കുവപ്പിള്ളേര് അതു മുങ്ങിയെടുത്തു, തട്ടാപ്പിള്ളേരു തട്ടിയെടുത്തു.. ഇത്രയുമാണ് ഇതുവരെയുള്ള വിവരങ്ങള്‍.. അതിനിടയില്‍ അയ്യപ്പന്റെ അമ്മായി, ഉണ്ണിയപ്പം, പ്രാവ് ? എന്തൊക്കെയാണ് അവിടെ നടക്കുന്നത് ? അയ്യപ്പന്‍ കുട്ടപ്പന്റെ അയല്‍വാസിയല്ലേ ? സംഭവത്തിനു ശേഷം അയ്യപ്പനെ കാണാന്‍ ശ്രമിച്ചോ ? എന്താണ് പ്രതികരണം ?

കുട്ടപ്പന്‍:- അയ്യപ്പന്‍ ഇവിടെ എവിടെയോ ആണെന്നു പറഞ്ഞു കേട്ടിട്ടേയുള്ളൂ, ഞാനിതുവരെ കണ്ടിട്ടില്ല..

ന്യൂസേഷ്:- കുട്ടപ്പനിലേക്കു ഞാന്‍ തിരിച്ചുവരാം.. ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്നു ബിജു ഒപ്പം ഡല്‍ഹി സ്റ്റുഡിയോയില്‍ നിന്ന് സുരേഷ് നമ്മോടൊപ്പം ചേരുന്നു.. ബിജു, അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ട സംഭവത്തില്‍ തലസ്ഥാനത്ത് എന്താണ് പ്രതികരണങ്ങള്‍ ?

ബിജു:- ന്യുസേഷ്, അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം ഒരു കാക്ക കൊത്തിയതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കുകയാണ്.. അയ്യപ്പന്റെ അമ്മയായതുകൊണ്ട് പ്രശ്നത്തില്‍ ശബരിമല ദേവസ്വം ഇടപെടണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അതേ സമയം, മുക്കുവ-തട്ടാന്‍ സമുദായക്കാരെ പ്രശ്നത്തിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും അയ്യപ്പന്റെ അമ്മ നെയ്യപ്പം കടലിലേക്കു സ്വയം വലിച്ചെറിഞ്ഞതാവാനേ വഴിയുള്ളൂ എന്നുമൊക്കെ വിവിധ വാദങ്ങളുയരുന്നുണ്ട്.. അതുപോലെ തന്നെ ഇങ്ങനൊരു അയ്യപ്പനെയോ അമ്മയെയോ ആരും കണ്ടിട്ടില്ലെന്നും അതുകൊണ്ട് തന്നെ സംഭവം പൂര്‍ണമായും മാധ്യമസൃഷ്ടിയാണെന്നുമുള്ള നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്… സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ഹര്‍ത്താലാചരിക്കാന്‍ ഓള്‍ കേരള നെയപ്പം ആന്‍ഡ് ഉണ്ണിയപ്പം മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്…ന്യൂസേഷ്..

ന്യുസേഷ്:- നന്ദി ബിജു, അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തിയതുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭവവികാസങ്ങളുടെ തല്‍സമയവിവരങ്ങളാണ് നമുക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്… നെയ്യപ്പം കാക്ക കൊത്തി കടലിലിട്ടു എന്നതായിരുന്നു ആദ്യത്തെ സംഭവം.. തുടര്‍ന്ന് മുക്കുവപ്പിള്ളേര് അത് മുങ്ങിയെടുത്തതും തട്ടാപ്പിള്ളേര് തട്ടിയെടുത്തതും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.. അതേ സമയം, അയ്യപ്പനെയും അമ്മയെയും നമുക്ക് നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നതും ഒരു പ്രശ്നമാണ്.. എന്തായാലും സംഭവത്തിന്റെ ഏറ്റവും പുതിയ വിവരങ്ങളുമായി ഡല്‍ഹിയില്‍ നിന്നു സുരേഷ് നമ്മോടൊപ്പം ചേരുന്നു.. സുരേഷ് എന്താണ് വിവരങ്ങള്‍ ?

സുരേഷ്:- ന്യൂസേഷ്, അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കേരളത്തില്‍ കത്തിപ്പടരുമ്പോള്‍ ഡല്‍ഹിയില്‍ നമ്മോടൊപ്പമുള്ളത് ഇവിടെ 25 വര്‍ഷമായി നെയ്യപ്പം ഉണ്ടാക്കി വില്‍ക്കുന്ന കൊല്ലം സ്വദേശിയായ അയ്യപ്പന്‍ എന്നയാളാണ്.. തന്റെ അമ്മയില്‍ നിന്നാണ് നെയ്യപ്പം ഉണ്ടാക്കാന്‍ പഠിച്ചതെന്നാണ് ഈ അയ്യപ്പനും പറയുന്നത്.. നമുക്ക് അയ്യപ്പനോടു തന്നെ ചോദിക്കാം.. അയ്യപ്പന്‍, എന്താണ് നെയ്യപ്പം നിര്‍മാണത്തിലേക്കു തിരിയാന്‍ കാരണം ?

അയ്യപ്പന്‍:- അതു പിന്നെ നെയ്യപ്പം എന്നു പറയുമ്പോള്‍ തന്നെ നമുക്കറിയാം, നെയ്യപ്പം തിന്നാല്‍ രണ്ടു ഗുണമാണുള്ളത്.. ഒന്ന്, പിന്നെ, ഉണ്ണിയപ്പം തിന്നേണ്ട.. രണ്ട്, നെയ്യപ്പം തിന്നാത്തതിന്റെ സങ്കടവും അങ്ങു മാറും. ഈ കാരണങ്ങള്‍ തന്നെയാണ് നെയ്യപ്പം നിര്‍മാണത്തിലേക്ക് ഇറങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്..

സുരേഷ്:- അയ്യപ്പന്റെ അമ്മയും നെയ്യപ്പമുണ്ടാക്കാറുണ്ടായിരുന്നു എന്നു പറഞ്ഞല്ലോ.. എപ്പോഴെങ്കിലും ഇങ്ങനെ നെയ്യപ്പം കാക്ക കൊത്തുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ ?

അയ്യപ്പന്‍:- ഒരിക്കലുമില്ല, കാക്ക മാത്രമല്ല, കുയില്‍, മയില്‍, ഒട്ടകം, നീര്‍നായ തുടങ്ങി ഒരുതരത്തിലുള്ള പക്ഷികളും നെയ്യപ്പം കൊത്തിക്കൊണ്ടുപോയതായി കേട്ടിട്ടില്ല, കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ സത്യത്തില്‍ അവിശ്വസനീയമാണ്..

ന്യുസേഷ്:- നന്ദി സുരേഷ്, ഒപ്പം അയ്യപ്പന്‍… അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു കാക്ക അതു കൊത്തി കടലിലിട്ടു, മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു, പക്ഷെ തട്ടാപ്പിള്ളേര് അത് തട്ടിയെടുക്കുകയായിരുന്നു, കൊച്ചി സ്റ്റുഡിയോയില്‍ നമ്മോടൊപ്പം ചേരുന്നു, പ്രമുഖ കടല്‍ ശാസ്ത്രജ്ഞനായ ഡോ.എ.സി.പി.അയ്യര്‍… നമസ്കാരം, നെയ്യപ്പം കടലില്‍ വീണാല്‍ അതിന്റെ പ്രത്യാഖാതങ്ങള്‍ എന്തൊക്കെയാണ് ?

അയ്യര്‍:- ലുക്, ദിസ് ഈസ് എ കേസ് ഓഫ് ക്രോ പിക്കിങ് ദി നെയ്യപ്പം ആന്‍ഡ് പുട്ടിങ് ഇറ്റ് ഇന്‍ ദി സി.. കടലില്‍ അനേകം ജീവികളുണ്ട്, പട്ടി, പന്നി, ആന, കാള അങ്ങനെയുള്ള ജീവികള്‍ സത്യത്തില്‍ മനുഷ്യര്‍ കഴിക്കുന്ന തരത്തിലുള്ള ഭക്ഷണം ആഗ്രഹിക്കുന്നുണ്ട്… എന്നാല്‍ ഇവരുടെ ആശയവിനിമയം മനുഷ്യരുടേതുപോലെയല്ലാത്തതിനാല്‍ മൈക്രോവേവ് തരംഗങ്ങളായി ഇവ അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുകയാണ് ചെയ്യുന്നത്.. 12 ഡസിബെല്ലിനും 23 ഡെസിബെല്ലിനും ഇടയിലുള്ള ഈ ശബ്ദം കൃത്യമായി കേള്‍ക്കാനാവുന്നത് കാക്കകള്‍ക്കാണ്.. അതുകൊണ്ടാണ് ഈ പര്‍ട്ടിക്കുലര്‍ കേസിലും അയ്യപ്പന്റെ അമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലില്‍ കൊണ്ടുപോയിട്ടത്.. ഇനി, കടലില്‍ വീണ നെയ്യപ്പത്തിന് എന്തു സംഭവിക്കും എന്നു ചോദിച്ചാല്‍ ആക്ച്വലി, ഈ നെയ്യപ്പം എന്നു പറയുന്നത് ഈസ് എ മിക്സ് ഓഫ് കാര്‍ബോഹൈഡ്രേറ്റ്സ്, മിനറല്‍സ് ആന്‍ഡ് ആന്‍ എമൌണ്ട് ഓഫ് ഗീ.. കടല്‍ വെള്ളത്തില്‍ വീഴുന്ന നെയ്യപ്പം ഉടനെ തന്നെ ഡീഹൈഡ്രേഷനു വിധേയമായി പാര്‍ട്ടിക്കിള്‍സ് ആയി ആറ്റം ലെവലില്‍ മള്‍ട്ടിപ്ളൈ ചെയ്ത് ഡിസപ്പിയര്‍ ആവുകയാണ് ചെയ്യുന്നത്.. അതുകൊണ്ട് സയന്റിഫിക്കായ ഒരു കാഴ്ചപ്പാടില്‍ കടലില്‍ വീണ നെയ്യപ്പം മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തു എന്നു പറയുന്നത് ബേസ്ലെസ് ആണ്.. ദാറ്റ് വി കാന്‍നോട്ട് ബി പ്രൂവ്ഡ്.

ന്യൂസേഷ്: നന്ദി ഡോ. അയ്യര്‍.. അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ട സംഭവത്തിന്റെ ഇതുവരെയുള്ള വിവരങ്ങള്‍ ഇങ്ങനെയാണ് (അപ്പോള്‍ ഗ്രാഫിക്സ് തെളിയുന്നു, അതനുസരിച്ച് ന്യൂസേഷിന്റെ വിശദീകരണം) രാവിലെ- 9.00: അയ്യപ്പന്റെ അമ്മ തന്റെ വീട്ടില്‍ നെയ്യപ്പം ചുടുന്നു, 9.05: മരക്കൊമ്പിലിരിക്കുന്ന കാക്ക നെയ്യപ്പം ലക്ഷ്യമാക്കി പറക്കുന്നു (അതിന്റെ ആനിമേഷന്‍), 9.06: കാക്ക നെയ്യപ്പം കൊത്തി പറക്കുന്നു (അതും ആനിമേഷന്‍), 9.07: കടലിനു മുകളിലെത്തുന്ന കാക്ക നെയ്യപ്പം താഴേക്കിടുന്നു (അവിടം വരെ ആനിമേഷന്‍), തുടര്‍ന്നു നടന്ന സംഭവങ്ങളുടെ കാര്യത്തില്‍ അവ്യക്തതയും വിവാദങ്ങളും തുടരുകയാണ്. ആര്‍ക്കു വേണ്ടിയാണ് അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടത്, എത്ര നെയ്യപ്പം ചുട്ടു, നെയ്യപ്പം കൊത്തി എന്നു പറയുന്ന കാക്കയും അയ്യപ്പന്റെ അമ്മയും തമ്മിലെന്താണ് ബന്ധം തുടങ്ങി ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ വലിയൊരു നിര തന്നെ നമുക്കു മുന്നിലുണ്ട്…ഈ സമയത്ത് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നമ്മുടെ വിദഗ്ദ്ധപാനല്‍‍ തയ്യാറായിക്കഴിഞ്ഞു, ചെറിയൊരു ഇടവേളയ്ക്കു ശേഷം നമുക്കു പെട്ടെന്നു തിരിച്ചുവരാം, അതുവരെ ഈ സംഭവത്തെപ്പറ്റി നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.. എസ്എംഎസ് അയക്കേണ്ട ഫോര്‍മാറ്റ്… അയ്യപ്പാസ് സ്പേസ് അമ്മാസ് സ്പേസ് നെയ്യപ്പാസ് സ്പേസ് യേസ് അല്ലെങ്കില്‍ നോ..!

Wednesday, July 29, 2009

Interview @ Microsoft

Bill Gates organized an enormous session to recruit a new Chairman forMicrosoft Europe.

5000 candidates assembled in a large room. One candidate is our Kutty.


Bill Gates: Thank you for coming.
Those who do not know JAVA may leave. 2000 people leave the room.

Kutty says to himself, 'I do not know JAVA, but I have nothing to lose if I stay. I'll give it a try !'

Bill Gates: Candidates who never had experience of managing more than 100 people may leave.2000 people leave the room.

Kutty says to himself 'I never managed anybody by myself, but I have nothing to lose if I stay. What can happen to me ?' So he stays.

Bill Gates: Candidates who do not have management diplomas may leave.
500 people leave the room.

Kutty says to himself,'I left school at 15, but what have I got to lose ?' So he stays in the room.

Lastly, Bill Gates asked the candidates who do not speak Serbo-Croat to leave.
498 people leave the room.

Kutty says to himself,'I do not speak one word of Serbo-Croat but what do I have to lose ?' So he stays and finds himself with one other candidate; Everyone else has gone.

Bill Gates joined them and said 'Apparently you are the onlytwo candidates who speak Serbo-Croat, so I'd now like tohear you have a conversation together in thatlanguage.'

Calmly, Kutty turns to the other candidate and says

'Naatil Evddey ?'
The other candidate answers… 'Kannur'

അടുക്കളയിലെ അധിനിവേശം

കെ എം മുസ്‌തഫ

വൈകിയെത്തുന്ന രാത്രികളിലൊന്നില്‍ ഉണ്ണാനിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ പൊടുന്നനെ ഒരു സംശയമുണര്‍ന്നു: `എന്റെ വീട്ടിലെ രുചിയില്‍ ഈയിടെ എന്തോ ഒരു മാറ്റമില്ലേ? ഒരു നല്ല മാറ്റം?' അന്നം മണത്തുനോക്കാന്‍ പാടില്ലെന്നാണ്‌ പഴമക്കാര്‍ പറയാറ്‌. എന്നാല്‍ മണത്തുനോക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന്‌ എനിക്കു മുന്നിലിരിക്കുന്ന ഭക്ഷണത്തിലുണ്ടായിരുന്നു.

ആ മണം എന്റെ മൂക്കിലൂടെ കടന്നു നാക്കിന്‍തുമ്പിലെത്തി കൊതിയുടെ അനേകം രസമുകുളങ്ങള്‍ മുളപ്പിക്കുകയാണ്‌. എന്റെ ഭാര്യ ഒരു നല്ല പാചകക്കാരിയല്ല. ചില വിഭവങ്ങളുണ്ടാക്കുന്നതില്‍ മാത്രമാണ്‌ ഉമ്മക്ക്‌ പ്രാവീണ്യം. പുതുതായി ആരും വീട്ടില്‍ വന്നതായി കേട്ടിട്ടില്ല. പിന്നെയെങ്ങനെ ഈ മാറ്റം?``നീയിപ്പൊ പാചകപുസ്‌തകങ്ങളാണോ വായിക്കുന്നത്‌?''കൈകഴുകി സുഖദമായ ഒരു ഏമ്പക്കവും വിട്ട്‌ ഉമ്മറത്തിരിക്കുമ്പോള്‍ ഞാന്‍ ഭാര്യയോട്‌ ചോദിച്ചു.``പാചകം പോയിട്ട്‌ പി എസ്‌ സിക്ക്‌ പഠിക്കാന്‍ നേരംല്ല. എന്താ ചോദിച്ചത്‌?''``ഏയ്‌ വെറുതെ ചോദിച്ചതാ, ഇപ്പൊ ഇവിടെ ആരാ പാചകം ചെയ്യുന്നത്‌?''``കൂടുതലും ഉമ്മയാ..'' അവള്‍ പറഞ്ഞു.മരുമക്കള്‍ വീട്ടില്‍ വരുമ്പോഴാണ്‌ അമ്മായിമ്മമാര്‍ കൂടുതല്‍ നല്ല പാചകക്കാരികളാവുന്നത്‌. ഇതൊരു അമ്മായിയമ്മ മനശ്ശാസ്‌ത്രമാണ്‌. എന്റെ വീട്ടിലും ഇത്തരം മനശ്ശാസ്‌ത്രപ്രക്രിയകള്‍ അരങ്ങേറുന്നുണ്ടെന്ന പുതിയ നിഗമനത്തിലാണ്‌ ഞാനന്ന്‌ ഉറങ്ങാന്‍ കിടന്നത്‌.പിറ്റേന്ന്‌ ഒരു അവധിദിവസത്തിന്റെ ആലസ്യത്തില്‍ വൈകിയാണ്‌ ഉണര്‍ന്നത്‌. ഭാര്യ കൊണ്ടുവന്നുവച്ച ആവിപറക്കുന്ന ചായ ഒരിറക്ക്‌ കുടിച്ചപ്പോള്‍ തലേന്നുണ്ടായ അതേ സംശയം വീണ്ടും തലപൊക്കി. ഈ ചായക്കുമില്ലേ ഒരു പ്രത്യേക രുചി? ഞാന്‍ മൂക്കു വിടര്‍ത്തി. വീണ്ടും വീണ്ടും മണക്കാന്‍ പ്രേരിപ്പിക്കുന്ന ഗന്ധം.ഞാന്‍ ഭാര്യയെ വിളിച്ചു.``ഈ ചായ ഏതാ?''``ഞാന്‍ കൊണ്ടുവന്നു വച്ചതാ.''പെണ്ണുങ്ങള്‍ ഇങ്ങനെയാണ്‌. കേള്‍ക്കുന്ന മാത്രയില്‍ പ്രതികരിച്ചുകളയും; ഒട്ടും ചിന്തിക്കാതെ.

വിപണിയുടെ തന്ത്രങ്ങള്‍ പെണ്ണുങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്‌ ഈ സ്‌ത്രീമനശ്ശാസ്‌ത്രത്തെ അടിസ്ഥാനമാക്കിയാണ്‌.``അതല്ല ചോദിച്ചത്‌. ഈ ചായയുടെ ബ്രാന്‍ഡേതാണെന്നാണ്‌?''അവള്‍ ബ്രാന്‍ഡു പറഞ്ഞപ്പോള്‍ ഞാനാകെ തരിച്ചുപോയി. തികച്ചും വിദേശിയായ ആ സാധനത്തിന്റെ ഏറ്റവും ചെറിയ പാക്കറ്റുവാങ്ങാന്‍ എന്റെ ഒരു ദിവസത്തെ ശമ്പളം മതിയാവില്ല.``ആരാണിതു വാങ്ങിച്ചത്‌?''``ആ, അത്‌ ഉമ്മക്കാരോ ഫ്രീ കൊടുത്തതാ.''``ഫ്രീയോ? ഉമ്മക്കാര്‌ ഫ്രീ കൊടുക്കാനാ?''``ആ, എനിക്കറിയില്ല. ഉമ്മാന്റെ കൂടെ വര്‍ക്ക്‌ ചെയ്യുന്ന ആരോ. വേറെയും കുറെ സാധനങ്ങളുണ്ട്‌.''എനിക്ക്‌ ഒന്നും മനസ്സിലായില്ല. പതിവായി എത്താറുണ്ടെങ്കിലും വീട്ടിലെ കാര്യങ്ങളൊന്നും ഞാനറിയുന്നില്ലേ എന്നൊരു ചിന്ത ആദ്യമായി എനിക്കുണ്ടായി. വീട്ടുകാര്യങ്ങള്‍ മിക്കവാറും പണ്ടുമുതലേ ഉമ്മയുടെ നിയന്ത്രണത്തിലാണ്‌. പണത്തില്‍ മാത്രമേ എന്റെ പങ്കുള്ളൂ. വെറുതെ ഒരു ടെന്‍ഷന്‍ കൂടി തലയിലേറ്റേണ്ട എന്നതായിരുന്നു എന്റെ സമീപനം.ഉണ്ടാക്കിവയ്‌ക്കുന്ന ഭക്ഷണം മൂക്കറ്റം തട്ടുകയല്ലാതെ അത്‌ എങ്ങനെ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ചോ അതിനെന്ത്‌ ചെലവ്‌ വരും എന്നതിനെക്കുറിച്ചോ ചിന്തിക്കേണ്ട ഒരു സാഹചര്യം ഇത്ര കാലമായിട്ടും ഉണ്ടായിട്ടില്ല.

അടുക്കള എനിക്ക്‌ അജ്ഞാതമായ ഇടമായിരുന്നു. പെണ്ണുങ്ങള്‍ക്കു മാത്രമല്ല ആണുങ്ങള്‍ക്കും അടുക്കളയില്‍ പ്രവേശിക്കാം എന്ന തത്വശാസ്‌ത്രമൊക്കെ മനസ്സിലുണ്ടെങ്കിലും സൗകര്യപൂര്‍വം വിസ്‌മരിക്കുകയാണ്‌ പതിവ്‌.എന്നാല്‍ ഇപ്പോള്‍ ആദ്യമായി അടുക്കളയിലൊന്ന്‌ കയറിയാലെന്താ എന്നൊരു ചിന്ത എന്നെ പിടികൂടി. എന്നു മാത്രമല്ല മറ്റെന്തിലേക്കെങ്കിലും ശ്രദ്ധ തിരിയുംമുമ്പ്‌ ഞാനവിടെ പ്രവേശിക്കുകയും ചെയ്‌തു. അരമണിക്കൂര്‍ അവിടെ ചെലവഴിച്ചപ്പോഴേക്കും ഞാന്‍ തീര്‍ത്തും ഹതാശനായി. എന്റെ രാഷ്‌ട്രീയബോധത്തെ ക്രൂരമായി പരിഹസിക്കുന്ന ഭീകരമായ കാഴ്‌ചയാണ്‌ എനിക്കവിടെ കാണാന്‍ കഴിഞ്ഞത്‌.ലോകത്ത്‌ നടക്കുന്ന കടന്നുകയറ്റങ്ങളെക്കുറിച്ച്‌ ലോകബുദ്ധിജീവികളെഴുതുന്ന ലേഖനങ്ങള്‍ വായിച്ച്‌ അതിനെതിരെ വ്യക്തമായ ഒരു രാഷ്‌ട്രീയബോധവും മാനസികമായ പ്രതിരോധവും രൂപപ്പെടുത്തിയിട്ടുണ്ട്‌ ഞാന്‍. എന്നാല്‍ ഉമ്മറത്തിരുന്ന്‌ രാഷ്‌ട്രീയബോധം രൂപപ്പെടുത്തുന്നതിനിടയില്‍ ഞാനറിയാതെ അധിനിവേശം എന്റെ അടുക്കളയില്‍ പണിതുടങ്ങിയിരുന്നു.അടുക്കളയിലെ അലമാരയില്‍ നിരത്തിവച്ചിരിക്കുന്ന പാക്കറ്റുകളിലെ ബ്രാന്‍ഡ്‌ നെയിമുകള്‍ വായിക്കെ ഞാന്‍ ഉമ്മയോട്‌ ചോദിച്ചു:

``ഈ സാധനങ്ങളൊക്കെ എങ്ങനെ നമ്മുടെ ബജറ്റിലൊതുങ്ങുന്നു?''``അതറിയാന്‍ നിനക്കെവിടെ സമയം?'' ഉമ്മ എടുത്തടിച്ചതുപോലെ ചോദിച്ചു.``ഏതുനേരോം പുസ്‌തകത്തിന്റെ ഉള്ളിലല്ലേ.. ഇതില്‌ ഓരോരുത്തര്‌ ഫ്രീയായി തന്നതും ഞാന്‍ കാശ്‌ കൊടുത്ത്‌ വാങ്ങിയതുമൊക്കെയുണ്ട്‌. നാക്കിന്‌ രുചിയുള്ളത്‌ വല്ലതും കഴിക്കണമെങ്കില്‍ നല്ല സാധനം വാങ്ങണം.''വീടിന്റെ ഉമ്മറത്തു വച്ച്‌ അധിനിവേശത്തെ തടയാന്‍ ശക്തമായ ഒരു ചിന്താമണ്‌ഡലം ഞാന്‍ വാര്‍ത്തെടുത്തിരുന്നു.

എന്നാല്‍ ഈ ചിന്താമണ്ഡലം വാര്‍ത്തെടുക്കാന്‍ ഞാന്‍ വിനിയോഗിച്ച സമയത്തിന്റെ നൂറിലൊരംശം കൊണ്ട്‌ അധിനിവേശം പിന്നാമ്പുറത്തുകൂടെ എന്റെ വീടിന്റെ അടുക്കളയില്‍ കയറി ആക്രമണം തുടങ്ങിയിരുന്നു എന്ന സത്യത്തിനു മുന്നില്‍ ഞാന്‍ തളര്‍ന്നുപോയി. യഥാര്‍ത്ഥത്തില്‍ എന്റെ കണ്ണുവേണ്ടിയിരുന്നത്‌ ഉമ്മറത്തല്ല. അടുക്കളയിലായിരുന്നു. അതാണ്‌ ഒരു വീടിന്റെ ഹൃദയം. അവിടെ നിന്നാണ്‌ എല്ലാ ധമനികളിലേക്കും രക്തമെത്തുന്നത്‌. കടന്നുകയറ്റത്തിന്‌ ചോരയെക്കാള്‍ മികച്ച മാധ്യമമില്ല.ഞാനോര്‍ക്കുകയായിരുന്നു; പണ്ടൊക്കെ ഉമ്മ, ഞങ്ങളുടെ തൊടിയിലെ ചേനയും മുരിങ്ങയിലയും കാച്ചിലും പപ്പായയുമൊക്കെകൊണ്ട്‌ രുചികരമായ വിഭവങ്ങളുണ്ടാക്കുമായിരുന്നു. ഉമ്മയുടെ ഈ താത്‌പര്യംകണ്ട്‌ കണ്ടത്തില്‍ ഞാന്‍ ചീരവിത്ത്‌ പാകി മുളപ്പിച്ചിരുന്നു. എന്നാല്‍ കുറച്ചുകാലമായി അത്തരം വിഭവങ്ങളൊന്നും തീന്‍മേശയില്‍ കാണാറേയില്ല. ഉമ്മക്കിപ്പോള്‍ അതൊന്നും പറ്റാതായോ?``ഉമ്മാ... ഉമ്മാന്റെ ചേമ്പുംതാള്‍ എന്തുരസമായിരുന്നു. അതൊക്കെപ്പൊ എവിടെ?''``ആര്‍ക്കാവ്‌ടെ ചേമ്പും ചേനയുമൊക്കെ നട്ടു നനയ്‌ക്കാന്‍ നേരം... അതൊക്കെണ്ടാക്ക്‌ണ നേരംകൊണ്ട്‌ നാലുമുക്കാല്‌ണ്ടാക്ക്യാ പീടീല്‍ കിട്ടാത്ത സാധനംണ്ടോ..?''ഉമ്മ പറഞ്ഞു.

ഞാന്‍ തൊടിയിലേക്കിറങ്ങി. ആരും ഒന്നും ചെയ്യാതെ തന്നെ പൊട്ടിമുളച്ച്‌ പടര്‍ന്നിരുന്ന ചേമ്പിന്റെയും ചേനയുടെയുമൊന്നും മുളപോലും കാണാനില്ല. തടിയില്‍ പൊത്ത്‌ബാധിച്ച മുരിങ്ങാമരം മരണാസന്നനിലയിലാണ്‌. പുഴുക്കളരിച്ച്‌ കറിവേപ്പ്‌മരം ഉണങ്ങിപ്പോയിരിക്കുന്നു. പപ്പായമരം ചൊറിബാധിച്ച്‌ മുരടിച്ചുപോയിരിക്കുന്നു.എനിക്ക്‌ വല്ലാത്ത സങ്കടംതോന്നി. ഒരു വര്‍ഷംമുഴുവനും അങ്ങാടി പൂട്ടിക്കിടന്നാലും മുന്നുനേരം സുഭിക്ഷമായും ആരോഗ്യകരമായും ഭക്ഷിക്കാന്‍ കഴിയുംവിധം സ്വയംപര്യാപ്‌തമായിരുന്നു എന്റെ മണ്ണ്‌.ആരാണ്‌ എന്റെ തൊടിയിലെ പച്ചപ്പുകളെയെല്ലാം കരിച്ചുകളഞ്ഞത്‌?എന്റെ ഉമ്മയോ? ഭാര്യയോ?അതോ കാലങ്ങളായി തൊടിയുടെ അവസ്ഥയെന്തെന്ന്‌ ചിന്തിക്കാതെ ഒരു ബുദ്ധിജീവിയുടെ നാട്യത്തില്‍ ഉമ്മറത്തിരുന്ന്‌ പുസ്‌തകങ്ങള്‍ കരണ്ടുതിന്നുകയും മറ്റുള്ളവരെ നന്നാക്കാന്‍വേണ്ടി ലേഖനമെഴുതുകയും ചെയ്‌ത ഞാനോ?ചിന്തിച്ചിരിക്കാന്‍ എനിക്ക്‌ സമയമില്ലായിരുന്നു. അധിനിവേശം എന്റെ അടുക്കളയിലാണ്‌. പെട്ടെന്ന്‌ പ്രതിരോധിച്ചില്ലെങ്കില്‍ അതെന്റെ കുടുംബത്തിന്റെ നാഡിഞരമ്പുകളിലെല്ലാം കടന്നുകയറും.പിറ്റേന്നുമുതല്‍ ഉണര്‍ന്നെണീറ്റ ഉടന്‍ ഒരു തൂമ്പയുമെടുത്ത്‌ ഞാനെന്റെ തൊടിയിലിറങ്ങി.

വര്‍ഷങ്ങളായി തൂമ്പ കണ്ടിട്ടില്ലാത്ത മണ്ണിന്റെ കാഠിന്യത്തില്‍ പുതിയൊരാവേശത്തോടെ കൊത്തി. അവിടെ ചേമ്പും ചേനയും കാച്ചിലും വാഴയും നട്ടു. പുതിയ രണ്ടു പപ്പായ മരങ്ങള്‍ പിടിപ്പിച്ചു. കറിവേപ്പു മരത്തിനു ചുറ്റും മണ്ണിട്ട്‌ തടമെടുത്തു. ടെറസിലേക്ക്‌ പടര്‍ന്നുകയറാന്‍ പാകത്തില്‍ ഒരു കോവക്കാവള്ളി പിടിപ്പിച്ചു. അടുക്കളച്ചെളിയില്‍ മുളക്‌ വിത്തുകളും ചീരവിത്തുകളും പാകി.വൈകുന്നേരം ഓഫീസില്‍ നിന്ന്‌ കൃത്യസമയത്തിറങ്ങി. ബുദ്ധിജീവി ചര്‍ച്ചകള്‍ക്കും വായനശാലയിലെ അലസവായനക്കുമുള്ള ടെംപ്‌റ്റേഷന്‍ പിടിച്ചുകെട്ടി നേരെ വീട്ടിലെത്തി. തൊടിയിലേക്കിറങ്ങി നട്ടതെല്ലാം നനച്ചു. രണ്ടുമാസമായപ്പോഴേക്കും എന്റെ തൊടിയുടെ മുഖച്ഛായ തന്നെ മാറി. അവിടെ സ്വയംപര്യാപ്‌തതയുടെ പച്ചപ്പ്‌ പടര്‍ന്നുപന്തലിച്ചു. വായിച്ച പുസ്‌തകങ്ങളെക്കാള്‍, എഴുതിയ ലേഖനങ്ങളെക്കാള്‍ സംതൃപ്‌തമായിരുന്നു എനിക്കാ കാഴ്‌ച. ഈയിടെ വീടുവിറ്റ്‌ പുതിയ താമസസ്ഥലത്തേക്ക്‌ മാറുമ്പോള്‍ പുതിയ ഉടമസ്ഥന്‍ ചോദിച്ചു:``ഇതെല്ലാം നട്ടുപിടിപ്പിച്ച്‌ പിന്നെ എന്തേ വില്‍ക്കുന്നത്‌?''ഞാന്‍ അയാളോട്‌ പറഞ്ഞു:

``നട്ടുനനയ്‌ക്കല്‍ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനമാണ്‌. ഏതൊരാള്‍ക്കും ചെയ്യാന്‍ കഴിയുന്നതും ഏറെ മാനങ്ങളുള്ളതുമായ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനം. നമ്മുടെ അടുക്കളയിലേക്കുള്ള കടന്നുകയറ്റങ്ങളെ ചെറുക്കാന്‍ അതിനു കഴിയും.''അടുക്കളയിലെ അധിനിവേശ രാഷ്‌ട്രീയംഒരു വ്യക്തിയോ സമൂഹമോ രാഷ്‌ട്രമോ സംസ്‌കാരമോ തങ്ങളുടെ സ്വാര്‍ത്ഥമായ അജണ്ടകള്‍ നടപ്പിലാക്കുന്നതിനുവേണ്ടി മറ്റൊരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ രാഷ്‌ട്രത്തിന്റെയോ സംസ്‌കാരത്തിന്റെയോ നിലനില്‍പ്പിനെ ചോദ്യംചെയ്യുകയും നശിപ്പിച്ചുകളയുകയും ചെയ്യുന്നതിനെയാണ്‌ അധിനിവേശം എന്നു പറയുന്നത്‌. കാരണവന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരാള്‍ മറ്റൊരാളുടെമേല്‍ നടത്തുന്ന കുതിരകയറ്റം. ഭൂവിഭാഗങ്ങളുടെ കോളനി വല്‍ക്കരണമായിരുന്നു പണ്ട്‌ അതിന്റെ അജണ്ട. ഇന്നത്‌ രൂപംമാറി ആഗോളമുതലാളിത്തത്തിന്റെ വിപണിവല്‍ക്കരണമായി മാറിയിരിക്കുന്നു. അതായത്‌ ഓരോ പ്രദേശത്തെയും വിഭവങ്ങളെ കയ്യടക്കാനുള്ള കടന്നുകയറ്റമായിരുന്നു കോളനിവല്‍ക്കരണമെങ്കില്‍ മുതലാളിത്തത്തിന്റെ മിച്ച ഉല്‍പ്പന്നങ്ങള്‍ എളുപ്പം വിറ്റഴിക്കാന്‍ കഴിയുന്ന ചന്തകളാക്കി ഓരോ പ്രദേശത്തെയും മാറ്റിയെടുക്കലാണ്‌ വിപണിവല്‍ക്കരണം.

സമൂഹത്തിന്റെ സ്വയം പര്യാപ്‌തതയെ വേരോടെ നശിപ്പിക്കലാണ്‌ അധിനിവേശത്തിനുള്ള എറ്റവും മികച്ച ഉപായം. റഷ്യയില്‍ സാമ്രാജ്യത്വം ഈ തന്ത്രമാണത്രെ ഉപയോഗിച്ചത്‌. ആട്ടിറച്ചി റഷ്യയിലെ മുഖ്യ ആഹാരങ്ങളിലൊന്നാണ്‌. ഒരു സംഘം ആളുകള്‍ചേര്‍ന്ന്‌ സഹകരണാടിസ്ഥാനത്തില്‍ ആടുകളെ വളര്‍ത്തിയാണ്‌ ഇവിടെ ആട്ടിറച്ചി വിതരണം സാധ്യമാക്കിയിരുന്നത്‌. അതായത്‌ തങ്ങള്‍ക്ക്‌ ആവശ്യമുള്ള ഭക്ഷണം തങ്ങള്‍തന്നെ നിര്‍മിച്ച്‌ തങ്ങള്‍തന്നെ ഉപയോഗിക്കുന്ന രീതി. ഈ രീതിയില്‍ വിപണിയും അതിന്റെ കച്ചവടതന്ത്രങ്ങളും അപ്രസക്തമാണ്‌. ഈ സമൂഹത്തിന്റെ സ്വയം പര്യാപ്‌തതയെ തകര്‍ത്തുകൊണ്ടുമാത്രമേ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ കഴിയൂ എന്ന്‌ മനസ്സിലാക്കിയ സാമ്രാജ്യത്വം ഈ കര്‍ഷകര്‍ക്ക്‌ ഫ്രീയായി ആട്ടിറച്ചി വിതരണം ചെയ്യാന്‍ തുടങ്ങി. ദിവസവും ഫ്രീയായി ആട്ടിറച്ചി ലഭിക്കുമ്പോള്‍ ആരാണ്‌ ആടുകളെ വളര്‍ത്താന്‍ മെനക്കെടുക? ക്രമേണ ആടിനെ വളര്‍ത്തുന്ന സംസ്‌കാരംതന്നെ ആ സമൂഹം മറന്നു.

പാക്കറ്റില്‍ ലഭിക്കുന്ന ആട്ടിറച്ചി അവരുടെ വായയുടെ രുചിയെ കണ്ടീഷന്‍ചെയ്‌തു. അതായി അവരുടെ മുഖ്യആഹാരം. അപ്പോഴാണ്‌ സാമ്രാജ്യത്വം അതിന്റെ യഥാര്‍ത്ഥമുഖം പുറത്തെടുക്കുന്നത്‌. അതുവരെ ഫ്രീയായി കൊടുത്തിരുന്ന ഇറച്ചിക്ക്‌ അവര്‍ വിലയിട്ടു. തങ്ങളുടെ പഴയ സംസ്‌കാരത്തിലേക്ക്‌ തിരിച്ചുപോകാന്‍ കഴിയാത്ത വിധം കര്‍ഷകര്‍ അപ്പോഴേക്കും ഉപഭോഗ സംസ്‌കാരത്തിന്‌ അടിമകളായിരുന്നു.വിപണിയുടെ ഇതേ ഒളിയജണ്ട ഇതേ രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ നമ്മുടെ സ്വയം പര്യാപ്‌തതയുടെ പച്ചപ്പുകളെയെല്ലാം കരിച്ചുകളയുന്നില്ലേ?നോക്കൂ,നമ്മുടെ മണ്ണില്‍ നട്ടുനനച്ചുണ്ടാക്കാവുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍, നമ്മുടെ ജലാശയങ്ങളില്‍ സുലഭമായി ലഭിക്കുന്ന മത്സ്യങ്ങള്‍, നമ്മുടെ മലനിരകളില്‍ വളരുന്ന സുഗന്ധവ്യഞ്‌ജനങ്ങള്‍, നമ്മുടെ വീട്ടിലെ കൂട്ടില്‍ വളരുന്ന കോഴികള്‍ തുടങ്ങി എല്ലാം കുറഞ്ഞ മെനക്കേടില്‍ കൂടുതല്‍ ആകര്‍ഷകമായ രൂപഭാവങ്ങളോടെ റെഡിമെയ്‌ഡ്‌ പാക്കറ്റുകളില്‍ നമുക്കു മുന്നിലെത്തുമ്പോള്‍ നാം നമ്മുടെ തൊടിയിലെ പച്ചപ്പ്‌ മറന്നുപോകുന്നില്ലേ? വെളിച്ചത്തിനു മുന്നിലേക്ക്‌ ആകര്‍ഷിക്കപ്പെട്ട്‌ സ്വയംമരണം വരിക്കുന്ന ഇയ്യാം പാറ്റകളെപ്പോലെ പുറംമോടിയുള്ള ഉല്‍പ്പന്നങ്ങളില്‍ കണ്ണുമഞ്ഞളിച്ച്‌ നാം നമ്മുടെ പണവും ആരോഗ്യവും തുലയ്‌ക്കുകയാണ്‌. അടുക്കളയെ അധിനിവേശത്തിന്റെ പരീക്ഷണശാലകളാക്കാന്‍ വിട്ടുകൊടുക്കുകയാണ്‌.

മുലപ്പാലിനു പകരം മുതലാളിത്ത സപ്ലിമെന്റ്‌ കഴിച്ച്‌ നമ്മുടെ കുഞ്ഞുങ്ങള്‍ വളരുകയാണ്‌. മയക്കുമരുന്നിന്‌ രണ്ടോ മൂന്നോ ഡോസുകൊണ്ട്‌ നിങ്ങളെ അടിമയാക്കാന്‍ കഴിയും. ഉപഭോഗ സംസ്‌കാരം ബ്രൗണ്‍ഷുഗറിനെക്കാള്‍ ഭീകരമായ മയക്കുമരുന്നാണ്‌. ഒരൊറ്റ ഡോസ്‌ മതി, ഒരു ജന്മമല്ല, ഒരു പാട്‌ തലമുറകളോളം അത്‌ നിങ്ങളെ അടിമയാക്കി നിര്‍ത്തും. സ്വന്തം കാലില്‍ നില്‍ക്കാന്‍ ആവതില്ലാത്ത, ഒന്നും ചോദ്യം ചെയ്യാത്ത, എന്തു കൊടുത്താലും സ്വീകരിക്കുന്ന അടിമകളെയാണ്‌ അധിനിവേശം അന്വേഷിക്കുന്നത്‌. സ്വയം പരിശോധിക്കുക: നിങ്ങളിലും നിങ്ങളറിയാതെ പ്രതികരണ പ്രതിരോധശേഷികള്‍ നഷ്‌ടപ്പെട്ട ഒരടിമ വളര്‍ന്നു വരുന്നില്ലേ?ചെക്ക്‌അധിനിവേശത്തിന്റെ അടയാളങ്ങള്‍ നിങ്ങളുടെ അടുക്കളയിലും കാണാനുണ്ടോ? ഒരു തൂമ്പയെടുത്ത്‌ ഇപ്പോള്‍ തന്നെ തൊടിയിലേക്കിറങ്ങുക.

തട്ടിപ്പിന്റെ ഫോര്‍വേഡുകള്‍

ഒരു ഇമെയില്‍ എട്ടു പേര്‍ക്കു ഫോര്‍വേഡ് ചെയ്താല്‍ ലാപ്ടോപ് ചുമ്മാ കിട്ടുമോ ? കിട്ടുമെന്നു കരുതി എട്ടിനു പതിനാറു പേര്‍ക്കു വീതം മെയില്‍ അയച്ചു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലക്ഷക്കണക്കിനാളുകള്‍. കാന്‍സര്‍ വരാനുള്ള ഭീകരമായ കാരണങ്ങള്‍ കാണിച്ച് അമിേക്കയിലെ ജോണ്‍ ഹോപ്കിന്‍സ് കാന്‍സര്‍ സെന്ററില്‍ നിന്നുള്ള ഒരു കാന്‍സര്‍ അപ്ഡേറ്റ് വിശ്വസിച്ച് ഭക്ഷണപാനീയങ്ങളെ ഭയന്നു കഴിയുന്നവരും അറിയുക, നിങ്ങള്‍ വിഡ്ഢികളാക്കപ്പെട്ടിരിക്കുന്നു.

സത്യസന്ധമെന്നു തോന്നുന്ന വിധം കെട്ടിച്ചമച്ച ഇത്തരം ആയിരക്കണക്കിനു മെയിലുകളാണ് സത്യമെന്നു കരുതി സമ്മിശ്രവികാരങ്ങളോടെ ദിവസവും ഫോര്‍വേഡ് ചെയ്യപ്പെടുന്നത്. ഇ മെയില്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ക്ക് സോണി എറിക്സണ്‍ സൌജന്യമായി ലാപ്ടോപ് നല്‍കുന്നു എന്നു പ്രചരിപ്പിച്ച വ്യാജമെയിലാണ് അടുത്തകാലത്ത് ഏറെപ്പേരെ വഴിതെറ്റിച്ച തട്ടിപ്പ്. തട്ടിപ്പേത് സത്യമേത് എന്നു തിരിച്ചറിയാനാവാത്ത വിധം സങ്കീര്‍ണമാണ് ഫോര്‍വേഡ് ഇമെയിലുകളുടെ സ്ഥിതി. ഇന്‍ബോക്സിലേക്കു വന്നു ചാാടുന്ന മെയിലുകളെ വിശ്വസിക്കുക അല്ലെങ്കില്‍ അവിശ്വസിക്കുക എന്നല്ലാതെ മറ്റു മാര്‍ഗമില്ല. അവിശ്വസിക്കാന്‍ തീരുമാനിച്ചാലും ചിലത് അവയുടെ ആധികാരികത കൊണ്ട് വളരെ വിശ്വസനീയമായി തോന്നുമെന്നതിനാല്‍ പിന്നെയും ഫോര്‍വേഡ് ചെയ്യുന്നു. അങ്ങനെ ലോകത്തിലെ ഏറ്റവും പ്രചാരമുള്ള മാധ്യമമായി ഫോര്‍വേഡ് മെയിലുകള്‍ നുണകളെ സത്യമാക്കുന്നു, അര്‍ഥസത്യങ്ങള്‍ വച്ചു ഭീതി പരത്തുന്നു.

ആരോഗ്യസംബന്ധമായ മെയില്‍ തട്ടിപ്പുകള്‍ക്കാണ് ആളുകള്‍ ഏറ്റവുമധികം വിധേയരാകുന്നത്. ഏറെ പ്രചരിച്ച തട്ടിപ്പു മെയിലാണ് ജോണ്‍ ഹോപ്കിന്‍സ് കിമ്മല്‍ കാന്‍സര്‍ സെന്ററില്‍ നിന്നുള്ള കാന്‍സര്‍ അപ്ഡേറ്റ്. വീടിനു പുറത്തിറങ്ങാതെ, തുള്ളിവെള്ളം പോലും കഴിക്കാതെ ജീവിച്ചാല്‍ കാന്‍സര്‍ വരാതെ മരിക്കാം എന്നാണു മെയിലിന്റെ രത്നച്ചുരുക്കം. വര്‍ഷങ്ങളായി കറങ്ങിനടക്കുന്ന ഈ മെയിലുമായി യാതൊരു ബന്ധവുമില്ലെന്ന് 2007 മാര്‍ച്ചില്‍ ജോണ്‍ ഹോപ്കിന്‍സ് കാന്‍സര്‍ സെന്റര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അല്‍പസത്യങ്ങളടങ്ങിയിട്ടുള്ള ഇത്തരം സന്ദേശങ്ങളെ പൂര്‍ണമായി വിശ്വസിക്കുന്നിടത്താണ് സാധാരണക്കാര്‍ പിന്നെയും അബദ്ധത്തില്‍ ചാാടുന്നത്.

ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന ലോകത്തെ ഏറ്റവും മികച്ച ദേശീയഗാനമായി യുനെസ്കോ തിരഞ്ഞെടുത്തു എന്നു പ്രചരിപ്പിക്കുന്ന ഒരു മെയില്‍ 2008 മുതല്‍ പ്രചരിക്കുന്നുണ്ട്. ഓരോ രാജ്യക്കാര്‍ക്കും സ്വന്തം ദേശീയഗാനമായിരിക്കും ലോകത്തിലെ ഏറ്റവും മികച്ചതെന്നിരിക്കെ യുനെസ്കോ ഇങ്ങനൊരു മണ്ടത്തരം കാണിക്കില്ല എന്നു സാമാന്യബുദ്ധികൊണ്ടു ചിന്തിക്കാമെങ്കിലും ഇതു സത്യമാണോ എന്നു പരിശോധിക്കാന്‍ നില്‍ക്കാതെ ഇപ്പോള്‍ എസ്എംഎസ് രൂപത്തില്‍ രാജ്യസ്നേഹികള്‍ ഇത് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത്ര നിരുപദ്രവമല്ല എല്ലാ മെയിലുകളും. ജാതിമത സ്പര്‍ധ വര്‍ധിപ്പിക്കാനുദ്ദേശിച്ച് ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്ന ചില മെയിലുകളുമുണ്ട്. അത്തരത്തിലൊന്നാണ് ഇറാനില്‍ റൊട്ടി മോഷ്ടിച്ച ബാലനു ക്രൂരന്മാരായ നാട്ടുകാര്‍ നല്‍കിയ ശിക്ഷ.

നിലത്തു കിടക്കുന്ന ബാലന്റെ കയ്യിലൂടെ കാര്‍ കയറ്റിയിറക്കുന്ന ഭീകരമായ ശിക്ഷയുടെ ആറ് ചിത്രങ്ങളാണ് മെയിലില്‍ നല്‍കിയിട്ടുള്ളത്. ശിക്ഷയെക്കുറിച്ച് മൈക്കിലൂടെ പ്രഖ്യാപിക്കുന്ന ഭീകരന്‍ അരികില്‍ കൂളായിരിക്കുന്നു, ക്രൂരന്‍മാരായ നാട്ടുകാര്‍ നോക്കി നില്‍ക്കുന്നു. എന്നാല്‍, സത്യമറിയണമെങ്കില്‍ ഫോര്‍വേഡില്‍ കാണാത്ത ഏഴാമത്തെ ചിത്രം കൂടി കാണണം. അതില്‍ 'ശിക്ഷ'” കഴിഞ്ഞ് ബാലന്‍ എണീറ്റു കുത്തിയിരിക്കുന്നുണ്ട്. സത്യത്തില്‍ ഒരു നാടോടിബാലന്റെ തെരുവ് അഭ്യാസപ്രകടനത്തെയാണ് ഇത്തരത്തില്‍ ശിക്ഷയായി വളച്ചൊടിച്ച് ആയിരങ്ങളെ തെറ്റിദ്ധരിപ്പിച്ചത്.

ലോകം മുഴുവന്‍ കറങ്ങി നടന്ന ഇത്തരമൊരു മെയിലില്‍ മലയാളിയായ ബാബു ശശിയുമുണ്ട്. പ്രാഥമികനിഗമനങ്ങള്‍ അനുസരിച്ച് വ്യാജമെന്നു മുദ്രകുത്തിയിരിക്കുന്ന മെയില്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നതാര് എന്ന ചോദ്യത്തോടെയാണു തുടങ്ങുന്നത്. ഒബാമയുടെയും, മാര്‍പാപ്പയുടെയുമൊക്കെ പേര് ചോയ്സിലുണ്ടെങ്കിലും ഇ മെയില്‍ പ്രകാരം ശരിയുത്തരം മലയാളിയായ ബാബു ശശിയാണ്. ലോകത്തെ ഏറ്റവും ഉയരമുള്ള ബുര്‍ജ് ദൂബായുടെ ഏറ്റവും ഉയരമുള്ള നിലയില്‍ ക്രെയിന്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്നതു വിശ്വസിക്കാം, പക്ഷെ താഴെ വരെ വന്നുപോകാനുള്ള ബുദ്ധിമുട്ടുകാരണം ഒരു വര്‍ഷമായി ബാബു ആകാശത്തോളം പൊക്കത്തില്‍ ക്രെയിനിന്റെ ഉള്ളിലാണ് താമസം എന്നു പറഞ്ഞു വിശ്വസിപ്പിച്ചു കളഞ്ഞു മെയില്‍. ബാബുവിന്റെ ആസ്ഥാനം അടയാളപ്പെടുത്തിയ ചിത്രവും മെയിലിനോടൊപ്പമുണ്ട്.

എടിഎം കൊള്ളക്കാരെ പരോക്ഷമായി സഹായിക്കുന്ന ഒരു മെയില്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്. എടിഎമ്മിനുള്ളില്‍ നിങ്ങള്‍ പണമെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ ബഹളമുണ്ടാക്കാന്‍ നില്‍ക്കാതെ പിന്‍നമ്പര്‍ തലതിരിച്ച് എന്റര്‍ ചെയ്താല്‍ എമര്‍ജന്‍സി സന്ദേശം പോവുകയും പോലീസെത്തി നിങ്ങളെ രക്ഷിക്കുകയും ചെയ്യുമെന്നാണ് സന്ദേശം. ഇത് അസാധ്യമായ കാര്യമല്ല. അമേരിക്കയില്‍ മുമ്പ് ഇത്തരത്തില്‍ ഒരു പരീക്ഷണം നടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരിടത്തും ഇത്തരമൊരു സംരംഭം പ്രാബല്യത്തില്‍ വന്നിട്ടില്ല. പിന്‍ നമ്പര്‍ തലതിരിച്ച് എന്റര്‍ ചെയ്ത് കയ്യും കെട്ടി നിന്നാല്‍ പോലീസ് വരില്ല എന്നു ചുരുക്കം.

ഇതുകൊണ്ടൊന്നും തീരുന്നില്ല തട്ടിപ്പുകാരുടെ സൂത്രങ്ങള്‍. ചിലത് നിരുപദ്രവമാണ്, ചിലത് രസകരവും. എന്നാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന അനേകം മെയിലുകള്‍ ഇവയ്ക്കിടയിലൂടെ വരും. ലോകത്തെ ഞെട്ടിച്ച എയര്‍ ഫ്രാന്‍സ് വിമാനദുരന്തത്തിനു തൊട്ടുമുമ്പ് ഉലയുന്ന വിമാനത്തില്‍ യാത്രക്കാര്‍ ചിന്നിച്ചിതറുന്നതിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ ആരാണ് അമ്പരന്നു പോകാത്തത്. എന്നാല്‍ 2006 മുതല്‍ നടക്കുന്ന എല്ലാ വിമാനാപകടങ്ങളുടെയും ചിത്രമെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജമെയിലിന്റെ അപ്ഡേറ്റ് മാത്രമാണ് എയര്‍ ഫ്രാന്‍സ് ദുരന്തമുഖത്തെ ചിത്രങ്ങള്‍. അതാകട്ടെ, ലോസ്റ്റ് എന്ന ടിവി പരമ്പരയില്‍ നിന്നുള്ള ചിത്രങ്ങളും.

റഷ്യയിലെ മനുഷ്യാവയവഫാക്ടറിയുടെ ചിത്രങ്ങള്‍, ഈജിപ്തില്‍ ഒരു വിചിത്ര എസ്എംഎസ് ലഭിച്ച ഉടനെ ആളുകള്‍ തലവേദന വന്നു മരിക്കുന്ന വാര്‍ത്ത, നരഭോജികളായ ബാക്ടീരിയകളടങ്ങിയ കോസ്റ്റ റിക്കയില്‍ നിന്നുള്ള നേന്ത്രപ്പഴത്തെപ്പറ്റിയുള്ള മുന്നറിയിപ്പ് തുടങ്ങി ആളെപ്പേടിപ്പിക്കുന്ന വ്യാജമെയിലുകള്‍ക്ക് ഒരു പഞ്ഞവുമില്ല. സൂനാമി കാലത്ത് നിത്യവും അപകടത്തില്‍ പെട്ടു കിട്ടിയ കുട്ടികളുടെ ചിത്രങ്ങളുമായുള്ള മെയിലുകള്‍ ഇവരെ തിരിച്ചറിയൂ എന്ന അപേക്ഷയുമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇവരെ കണ്ടെത്താന്‍ സഹായിക്കൂ എന്ന അപേക്ഷയോടെ കാണാതായ കുട്ടികളുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഗൂഗിളിന്റെ സൂറിക് ഓഫിസിന്റെ ചിത്രങ്ങളെന്ന പേരില്‍ നൂതനമായ ഓഫിസ് സംവിധാനത്തിന്റെ ചിത്രങ്ങള്‍ കോര്‍ത്തിണക്കി ഒരു മെയില്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ട്. വിവിധ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരം മെയിലുകള്‍ സൃഷ്ടിക്കുന്നത്. സൃഷ്ടിക്കുന്നയാള്‍ ലക്ഷ്യം വയ്ക്കുന്നതെന്താണെന്നറിയാതെ ഇരകളാകുന്ന ഓരോരുത്തരും അത് ഫോര്‍വേഡ് ചെയ്യുക കൂടി ചെയ്യുമ്പോള്‍ അജ്ഞാതമായ ഏതോ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ്.

ഫോര്‍വേഡ് മെയിലുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ പ്രധാനമായും ചില കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക:-
1. ഒരിക്കലും സുപ്രധാനമായ വിവരങ്ങള്‍ ആധികാരികമായി പങ്കുവയ്ക്കുന്നത് ഇ മെയില്‍ ഫോര്‍വേഡുകളിലൂടെയല്ല. അതിന് ലോകത്ത് അനേകം ശക്തമായ മാധ്യമങ്ങളുണ്ട്.
2. ആരോഗ്യത്തെപ്പറ്റിയും രോഗത്തെപ്പറ്റിയും മെയില്‍ ഫോര്‍വേഡുകളില്‍ കാണുന്ന ഉപദേശങ്ങളും മുന്നറിയിപ്പുകളും ഒരു കാരണവശാലും മുഖവിലയ്ക്കെടുക്കരുത്. തെറ്റിദ്ധാരണാജനകമായ അത്തരം മെയിലുകള്‍ മറ്റുള്ളവര്‍ക്കു ഫോര്‍വേഡ് ചെയ്യരുത്.
3. കാണാതാവുന്ന ആളുകളെ കണ്ടെത്താന്‍ ഇ-മെയില്‍ ഉപയോഗിക്കാറുണ്ടെങ്കിലും നിങ്ങള്‍ ലഭിച്ച ഇ-മെയില്‍ എത്ര പഴക്കമുള്ളതാണെന്നറിയാതെ ഫോര്‍വേഡ് ചെയ്യരുത്.
4. ഇത് പത്തു പേര്‍ക്കു ഫോര്‍വേഡ് ചെയ്താല്‍ പുണ്യം കിട്ടും ഇല്ലെങ്കില്‍ മരിച്ചുപോകും എന്ന മട്ടിലുള്ള ബാലിശമായ മെയിലുകളെ അവഗണിക്കുക. ഈശ്വരന്റെ നിലനില്‍പ് ഇ മെയില്‍ ഫോര്‍വേഡുകളിലല്ല.
5. വ്യക്തികളെയോ കമ്പനികളെയോ ബ്രാന്‍ഡുകളെയോ പേരെടുത്ത് പറഞ്ഞ് പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യുന്ന മെയിലുകളെ തൊടാതെ വിട്ടേക്കുക. അറിഞ്ഞോ അറിയാതെയോ ഒരു കുറ്റകൃത്യത്തിനു കൂട്ടുനില്‍ക്കാതിരിക്കുക.

വ്യാജഫോര്‍വേഡുകളെ തിരിച്ചറിയാന്‍ ഇവ ശ്രദ്ധിക്കുക:-
. എല്ലാ വ്യാജഫോര്‍വേഡുകളും ഒരു കാര്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടാവും. ദയവായി ഇത് നിങ്ങളുടെ പരിചയത്തിലുള്ള എല്ലാവര്‍ക്കും ഫോര്‍വേഡ് ചെയ്യൂ എന്ന്. ലോട്ടറിയോ സമ്മാനമോ ദൈവാനുഗ്രഹമോ എന്തായാലും നിശ്ചിത എണ്ണം മെയിലുകള്‍ അയച്ചാല്‍ മാത്രമേ ലഭ്യമാകൂ എന്ന് വ്യക്തമാക്കുന്ന മെയിലുകള്‍.
. വ്യാജമെയിലുകള്‍ക്ക് അവയുടേതായ ഒരു ഭാഷയുണ്ട്. എന്തിന്റെയോ ഒക്കെ മുള്‍മുനയിലാണ് താനെന്നു വായനക്കാരനെ തോന്നിപ്പിക്കുന്ന ഭാഷ. കഴിയുന്നതും വലി. അക്ഷരങ്ങളില്‍ നിറം കൊടുത്ത് പൊലിപ്പിക്കുന്ന വാക്കുകള്‍ ഇവയുടെ പ്രത്യേകതയാണ്.
. അനാവശ്യമായ ആധികാരികതയാണ് മറ്റൊന്ന്. ഏതെങ്കിലും പേരെടുത്ത ഏജന്‍സിയുടെയോ സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ തന്നെ ലോഗോ ഉപയോഗിച്ചുള്ള പ്രചാരണം.
. കര്‍ക്കശമായ ഭാഷയിലൂടെ നിസ്സംശയം ഒരു കാര്യം സ്ഥാപിക്കുന്ന ഇത്തരം മെയിലുകള്‍ അവയുടെ വിശ്വനീയത തെളിയിക്കാന്‍ ഒറ്റ ലിങ്കു പോലും നല്‍കില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

Saturday, July 18, 2009

Monday, June 22, 2009